FOR SERVICE AND FAMILY PENSIONERS OF KERALA
കേരളത്തിലെ വിവിധതരം സർവീസ് പെൻഷൻകാർക്കും അതിനോടനുബന്ധമായുള്ള ഫാമിലി പെൻഷൻകാർക്കും പ്രയോജനകരമായ ഒരു ബ്ലോഗ് തുടങ്ങണമെന്ന് ഒരുപാടുകാലമായി ആഗ്രഹിക്കുന്നു.എന്നാൽ കോവിഡ് മഹാമാരി മൂലം ലാപ്ടോപ്പ് കുട്ടികൾക്ക് മാത്രം പ്രാപ്യവും മുതിർന്നവർക്ക് അപ്രാപ്യവും എന്ന സ്ഥിതി ആയപ്പോൾ തിരക്കഥയിൽ വ്യത്യാസം വന്നു.ഏതാണ്ട് മൂന്നു മാസങ്ങൾക്കു മുൻപ് service pension help എന്ന പേരിൽ ഒരു ഫേസ് ബുക്ക് ഫാമിലി കൂട്ടായ്മ രൂപപ്പെട്ടു.ലാപ്ടോപ്പിനെക്കാളും കമ്പ്യൂട്ടറിനേക്കാളും ആൾക്കാർ കൂടുതലും ഉപയോഗിക്കുന്നത് മൊബൈൽ ഫോണാണല്ലോ.എന്നാൽ മൊബൈൽ ഫോണിൽ ഫേസ് ബുക്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഇത് ഏറെക്കുറെ അപ്രാപ്യമാണെന്ന് മനസ്സിലായി.ഇത് വായിച്ചുകൊണ്ടിരിക്കുന്നവരിൽ ഫേസ് ബുക്ക് അക്കൗണ്ട് ഉള്ളവർ തീർച്ചയായും അത് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.കാരണം ഇനിയും ഈ ബ്ലോഗിൽ വരാൻ പോവുന്ന പോസ്റ്റുകൾ പ്രസ്തുത FB ഗ്രൂപ്പിൽ നിന്നും ഉള്ളവ തന്നെയാണ്.
എന്താണ് പെൻഷൻ എന്ന് പറഞ്ഞാൽ?മലയാളത്തിൽ ഇതിന് അടുത്തൂൺ എന്നൊരു പേരുണ്ട്.എന്താണ് അടുത്തൂൺ ?അടുത്ത് +ഊണ് =അടുത്തൂൺ.ജോലി ചെയ്യുന്ന കാലത്ത് നമ്മൾ ജോലിസ്ഥലത്തേക്ക് പോവണമായിരുന്നു.റിട്ടയർ ആയിക്കഴിഞ്ഞാൽ പിന്നെ അതിന്റ്റെ ആവശ്യം വരുന്നില്ലല്ലോ.വർക്ക് ഫ്രം ഹോം ഒക്കെ ഇപ്പോൾ വന്നത് മറക്കുന്നില്ല.
ആർക്കൊക്കെയാണ് പെൻഷൻ ലഭിക്കുക?എപ്പോഴാണ് പെൻഷൻ ലഭിക്കുക?എത്രയാണ് പെൻഷൻ ലഭിക്കുക?ഇതൊക്കെയാണ് സർവിസിൽ ഉള്ളവർക്കും റിട്ടയർ ആവാൻ പോവുന്നവർക്കും ഉണ്ടാകാവുന്ന അനേകം സംശയങ്ങളിൽ ചിലത്.
കേരളത്തിലെ സർക്കാർ സർവീസുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്നു വിധം പെൻഷനുകളാണ് നിലവിൽ ഉള്ളത്.
1.സർവീസ് പെൻഷൻ
2 .എയ്‌ഡഡ് പെൻഷൻ
3 .ഫാമിലി പെൻഷൻ .
സർക്കാർ സർവിസിലെ വിവിധ വകുപ്പുകളിൽ നിന്നും വിരമിച്ചവർക്കുള്ള പെൻഷനാണ് സർവീസ് പെൻഷൻ.എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും സർവീസിൽ നിന്ന് വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷനാണ് എയിഡഡ് പെൻഷൻ.മേൽപ്രസ്താവിക്കപ്പെട്ട രണ്ട് വിഭാഗം പെൻഷൻകാരും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ മരണപ്പെട്ടാൽ അവരുടെ നേരവകാശികൾക്ക് കൊടുക്കുന്ന പെൻഷനാണ് ഫാമിലി പെൻഷൻ.
സർവീസ് പെൻഷൻ ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ സർവീസ് ദൈർഘ്യ കാലം 10 വർഷവും സർവീസ് പെൻഷൻ കണക്കാക്കുമ്പോൾ ഫുൾ പെൻഷൻ നൽകാനായി എടുക്കുന്നത് പരമാവധി 30 വർഷവുമാണ് .
എങ്ങനെയാണ് സർവീസ് പെൻഷൻ കണക്കാക്കുന്നത്?സർവീസ് പെൻഷൻ ലഭിക്കാൻ മിനിമം 10 വർഷമെങ്കിലും സർവീസ് വേണമെന്നത് നമ്മൾ കണ്ടുകഴിഞ്ഞു.എന്നാൽ ഒരു ജീവനക്കാരാണ് 9 വർഷം സർവീസ് പൂർത്തിയാക്കി ഒരു ദിവസമെങ്കിലും സർവീസ് കൂടുതൽ ഉണ്ടെങ്കിൽ 10 വർഷമായി കണക്കാക്കി സർവീസ് പെൻഷൻ നൽകുന്നതാണ്.മറ്റൊരു വിധത്തിൽ പറഞ്ഞാൽ 9 വർഷം പൂർത്തിയാക്കി ഒരു ദിവസമോ അതിലധികമോ സർവീസ് ഉള്ള ഏതൊരാളും സർവീസ് പെൻഷൻ ലഭിക്കാൻ അർഹനാണ്.
എപ്പോഴാണ് ഒരു ജീവനക്കാരൻ സർവീസിൽ നിന്ന് വിരമിക്കുക ?നിലവിൽ 56 വയസ്സാണ് പെൻഷൻ പ്രായം.അതായത് ജീവനക്കാരന് 56 വയസ്സ് പൂർത്തിയാകുന്ന മാസത്തിലെ അവസാനത്തെ ദിവസം ആണ് ആ ജീവനക്കാരൻ സർവീസിൽ നിന്ന് വിരമിക്കുക .
ഇനി എങ്ങനെയാണ് പ്രസ്തുത ജീവനക്കാരൻറ്റെ പെൻഷൻ കണക്കാക്കുക എന്നത് നോക്കാം.ജീവനക്കാരൻ സർവീസിലെ അവസാനത്തെ പത്ത് മാസം വാങ്ങിയ അടിസ്ഥാന ശമ്പളം (Basic Pay ),യോഗ്യസേവനവർഷങ്ങൾ (No. of Years in Qualifying Service .i e Q .S )ഇവയാണ് പെൻഷൻ കണക്കാക്കുന്നതിൻറ്റെ അടിസ്ഥാന ഘടകങ്ങൾ .അവസാനത്തെ പത്ത് മാസം വാങ്ങിയ അടിസ്ഥാനശമ്പളത്തിൻറ്റെ ശരാശരിയുടെ പകുതി എടുക്കുക.എന്നിട്ട് അതിനെ QS കൊണ്ട് ഗുണിക്കുക .അതിനെ 30 കൊണ്ട്ഇ ഹരിക്കുക.ഇങ്ങനെ കിട്ടുന്ന തുകയാണ് ആ വ്യക്തിയുടെ അടിസ്ഥാന പെൻഷൻ അഥവാ Basic Pension .
(തുടരും)
Comments
Post a Comment